Saturday, June 9, 2012

ചില്ല് ജാലകം


ര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തരിശു നിലങ്ങളില്‍ എവിടെയൊക്കെയോ മഴ പെയ്യുന്നുണ്ടാവും..പ്രകൃതിയുടെ ഭാവ മാറ്റം മനസ്സിലാക്കി അയാള്‍ പതിയെ പറഞ്ഞു.


തെരുവിലെ ഭാരം കുറഞ്ഞ അവശിഷ്ടങ്ങള്‍ കനം കൂടിയ ഒരു കാറ്റ് മുറിയിലേക്ക് പറത്തി വിട്ടപ്പോള്‍ അയാള്‍ ചില്ല് വാതില്‍ ചാരി തന്റെ പ്രവൃത്തി തുടങ്ങും നേരം അയാളില്‍ നിന്നും പിറവി എടുക്കുമെന്ന് വിശ്വസിച്ച വാക്കുകളിലായിരുന്നു എന്റെ പ്രതീക്ഷകള്‍ മുഴുവന്‍.


വേനല്‍ കനത്ത ഭൂമി നിഴലുകളുടെ ഭാരവും പേറി ശാന്തമായി ഉറങ്ങുമ്പോഴും ഭൂ ഗര്‍ഭങ്ങളില്‍ എവിടെയോ അഗ്നി പര്‍വ്വതങ്ങള്‍ രൂപപ്പെടുന്നത് പോലെ അയാളുടെ മനസ്സിലും എവിടെയോ കനലെരിയുന്നതായി ഞാന്‍ വിശ്വസിച്ചു.


”വര്‍ഷങ്ങള്‍ കഴിഞ്ഞു.എങ്കിലും ഒരു രാത്രി പോലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.ആള് മാറിയാണ് പോലും വെട്ടിയത്…” അല്പം നിര്‍ത്തി അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി.
”കൊന്നവരുടെ കൊടിക്കീഴില്‍ അണി നിരന്നവര്‍ തന്നെ സ്മാരകം തീര്‍ത്ത വിരോധാഭാസം….”പരിഹാസത്തിന്റെ ഒരു തുണ്ട് ചിരി ചുണ്ടിന്റെ കോണില്‍ അല്‍പനേരം സൂക്ഷിച്ചു അയാള്‍ അര്ധോക്തിയില്‍ നിറുത്തി.


വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ദുരന്തത്തിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ അയാളെ അലോസരപ്പെടുത്തുമോ എന്നും ഒരു വേള തന്നെ ആട്ടിയിറക്കപ്പെടുമെന്നും വിശ്വസിച്ച എനിക്ക് തെറ്റ് പറ്റിയത് ഞാന്‍ അറിഞ്ഞു.


മറ്റുള്ള വരുടെ ദുരന്ത മറിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ മറക്കുന്നവയല്ല സ്വയം അനുഭവിക്കുന്ന ദുരന്തത്തിന്റെ മുറിവുക ളെന്നു തന്റെ ജീവിതം തൊട്ടു അയാള്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു.


”കുന്നു കയറി വന്നു ക്ഷീണിച്ച് അനുശോചനം അറിയിച്ചവര്‍ ,ഒരിക്കലും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ സാധ്യത യില്ലാത്ത തന്റെ കുടുംബം..ആഴ്ച കളോളം മുഖ്യധാരാ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്…”പിന്നെ സാവധാനം തിരശീലകള്‍ക്ക് പിന്നിലേക്ക്‌ ഒരിക്കലും ഉണങ്ങാത്ത മുറിവുകളോടെ..”


കാഴ്ചകള്‍ മങ്ങി വരുന്ന കാലത്ത് കുന്നു കയറി കുടിലില്‍ അഭയം പ്രാപിക്കാന്‍ ഒരു ചെറിയ കൈത്താങ്ങ് ..അത് നഷ്ടപ്പെട്ടവന്റെ വിലാപം..അത് കേള്‍ക്കാനും അനുഭവിക്കാനും ദുരന്തത്തിനു ഇരയായവര്‍ മാത്രം.


പൊടിപടലങ്ങള്‍ മൂടി മങ്ങിയ തെരുവിലേക്ക് ഞാനിറങ്ങി നടക്കുമ്പോള്‍ കൈത്താങ്ങ് നഷ്ടപ്പെട്ടവന്റെ ഒരിക്കലും തീരാത്ത നൊമ്പരത്തിന്റെ വ്യഥ ചില്ല്ജാലകത്തിനകത്ത് കണ്ണുനീരായി പ്പെയ്യുന്നത് ഞാനറിഞ്ഞു..

4 comments:

ajith said...

അല്ലെങ്കിലും അവസാനം നഷ്ടം ഇരകള്‍ക്ക് മാത്രം

ഇസ്മയില്‍ അത്തോളി said...

ശവക്കല്ലറകള്‍ തുറന്നു സത്യങ്ങള്‍ പുറത്തു വരുന്ന കാലമിത് .കാത്തിരുന്നു കാണാം നമുക്ക് ............

പാറക്കണ്ടി said...

ചില്ല് ജാലകം നന്നായി ....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചരിത്രത്തിന്റെ ഇരുണ്ട മച്ചകങ്ങളിൽ നിന്ന് അസ്ഥിപഞ്ജരങ്ങൾ നിലവിളിയോടെ എണീറ്റുവരുന്നതിന്റെ "മണിമുഴക്കങ്ങൾ" കേട്ടു തുടങ്ങിയിരിക്കുന്നു.