Wednesday, May 16, 2012

ചക്രവാകക്കി​ളികള്..


ജ്ഞാത തീരത്തേക്ക് യാത്രയാകുന്ന ചക്രവാകക്കിളികളുടെ തുറന്നിട്ട ജാലകക്കാഴ്ചയാണ് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നിന്റെ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വീണ്ടും ചിറകടിച്ചുയരാന്‍ കാരണമായത് .

ഒരു തരത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്.നിന്നെ കുറ്റം പറയുന്നില്ല.ഞാനും നീയും എല്ലാം അടങ്ങിയ സമൂഹം ,കുടുംബ ബന്ധങ്ങളുടെ പേരില്‍ ,പ്രണയത്തിന്റെ പേരില്‍ ,പണത്തിന്റെ പേരിലോ തുടങ്ങി മറ്റനേകം കാരണങ്ങളാല്‍ സ്വാര്‍ഥത സൂക്ഷിക്കുന്നുണ്ടാവാം.

വൈകിയാണെങ്കിലും വിവാഹമെന്ന ഉടമ്പടിയില്‍ നീ മുറിച്ചിട്ട ബന്ധങ്ങള്‍ ഉറക്കറയുടെ വിജനതയില്‍ നിന്റെ ഭര്‍ത്താവ് അറുത്തിട്ട നിന്റെ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം പോലെ ഒരിക്കലും പൂര്‍വ്വസ്ഥിതി പ്രാപിക്കാതെ കട്ടപിടിച്ചിരിക്കുന്നു.

നിലക്കണ്ണാടിയില്‍ നീ പോലും നോക്കാന്‍ മടിച്ച നിന്റെ ചുണ്ടില്ലാത്ത പ്രതിബിംബം എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു ഇത് വരെ.ഒരു വട്ടം കൂടി നിന്നെയെനിക്ക് നേരില്‍ കാണണമെന്ന ചിന്ത ഈ യാത്രയോടെ ഞാന്‍ ഉപേക്ഷിക്കുകയാണ്.

നീയും ഞാനും ബാല്യം ചിലവഴിച്ചു അജ്ഞാത തീരങ്ങളിലേക്ക് യാത്ര പോകുന്ന ചക്രവാകപ്പക്ഷികളെപ്പോലെ പിരിഞ്ഞു പോയ ആ നദിക്കര ഒരിക്കല്‍ക്കൂടി സന്ദര്‍ശി ക്കണമെന്ന് കലശലായി ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയതും ഇന്നാളുകളിലായിരുന്നു.

നീയും ഞാനുമില്ലെങ്കിലും നിന്റെ പഴയ തറവാട്ടു മുറ്റത്തു ഓപ്പോള്‍ വളര്‍ത്തുന്ന ഹൈഡ്രാന്ജിയപ്പൂക്കള്‍ ഇപ്പോഴും വിടര്‍ന്നു നില്‍ക്കുന്നുണ്ടാവാം.അവയില്‍ പരാഗണം നടത്താന്‍ പ്രകൃതി നിയോഗിച്ച അനേകം ഷഡ് പദങ്ങളും ,ആകര്‍ഷകമായ കൊക്കുകളുള്ള ചെറുകിളികളും ഉണ്ടാവാം.

നദിക്കരയില്‍ മേയുന്ന പൈക്കിടാങ്ങളുടെ നിഴലില്‍ ചവിട്ടി ഒപ്പം സഞ്ചരിക്കുന്ന ബാല്യങ്ങളെ കണ്ടു നിന്നെയും എന്നെയും വീണ്ടുമാ നദിക്കരയില്‍ പ്രതിഷ്ടിക്കണം..പിന്നെ നിന്റെ ഓര്‍മ്മകളോട് ശാശ്വതമായ വിട.

2 comments:

ajith said...

കഥ വായിച്ചു. ആശംസകള്‍

മണ്ടൂസന്‍ said...

ഒരു തരത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്.നിന്നെ കുറ്റം പറയുന്നില്ല.ഞാനും നീയും എല്ലാം അടങ്ങിയ സമൂഹം ,കുടുംബ ബന്ധങ്ങളുടെ പേരില്‍ ,പ്രണയത്തിന്റെ പേരില്‍ ,പണത്തിന്റെ പേരിലോ തുടങ്ങി മറ്റനേകം കാരണങ്ങളാല്‍ സ്വാര്‍ഥത സൂക്ഷിക്കുന്നുണ്ടാവാം.
ഈ വാചകത്തിന്റെ സൂക്ഷ്മമായ അർത്ഥങ്ങളിലുണ്ട് ലോകത്തിലെ സകല പ്രശ്നങ്ങൾക്കുമുള്ള കാരണവും. നല്ല എഴുത്ത്. ആശംസകൾ.