Tuesday, October 2, 2012

നൂല്‍തുമ്പിയുടെ ചിറകിലെ മഴവില്ല്..


നൂല്തുമ്പിയുടെ ചിറകില്‍ മഴവില്ല് കണ്ടത് ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു പാറുവിന്.ആരോടാണ് പറയുക? അമ്മക്കൊന്നിനും നേരമില്ല.പുലര്‍ച്ചെ എഴുന്നേറ്റ് അല്പം കഞ്ഞിയുണ്ടാക്കിവെച്ചു റബ്ബര്‍ടാപ്പിങ്ങിനായി നേരെ എസ്റ്റെറ്റിലേക്കുള്ള മലകയറും.

പിന്നെ അച്ഛന്‍. അയാളപ്പോഴും ഉണര്ന്നിട്ടുണ്ടാവില്ല.പൊടുന്നനെ അച്ഛന്‍ മനസ്സിലേക്ക് കടന്നുവന്നപ്പോള്‍ പാറുവിന്റെ മനസ്സില്‍ ഭീതിയുണര്‍ന്നു.
വളര്‍ന്നുവരുന്ന ശരീരഭാഗങ്ങളിലൊക്കെ അയാളുടെ പരുത്ത കൈകള്‍ അരിച്ചുനടക്കുമ്പോള്‍ പലപ്പോഴും ഒരു പേപ്പട്ടിയുടെ ക്രൌര്യം അവളറിഞ്ഞു.

നൂല്തുമ്പി പാറുവിന്റെ നോട്ടംവിട്ടു വാലല്പം താഴോട്ടു ചരിച്ചിറക്കി ഒരു തൊട്ടാവാടിപ്പൂവിലേക്ക് പറന്നിരുന്നു.ഭാരിച്ച പുസ്തക കെട്ടുകളുമായി വളഞ്ഞു ഒന്തം കയറിവന്ന സ്കൂള്‍കുട്ടികളും അവളെ ഗൌനിക്കാതെ നടന്നു മറഞ്ഞപ്പോള്‍ പാറു വീണ്ടും നൂല്തുമ്പിയെ തിരഞ്ഞു.അച്ചന്‍ ഉണര്ന്നിരിക്കുമെന്നതിനാല്‍ അവള്‍ വീട്ടിലേക്ക്‌ കയറാതെ അല്പം വെള്ളാരംകല്ലുകള്‍ പെറുക്കി സ്വയം കളിക്കാന്‍ തുടങ്ങി.

ഇരതേടി കൂടുവിട്ട കാക്കകൂട്ടിലേക്ക് ഒരു കുയില്‍ മുട്ടയിടാന്‍വേണ്ടി ആധിപത്യം സ്ഥാപിച്ച ബഹളമായിരുന്നു പിന്നീട് പാറുവിന് ആരോടെങ്കിലും പറയണമെന്ന് തോന്നിയത്.

മുഖത്ത് അച്ഛനെന്ന മനുഷ്യന്‍ ഏല്‍പ്പിച്ച നഖക്ഷതങ്ങളുടെ നീറ്റലിനിടയിലും കാക്കകളുടെ ആക്രമണത്തില്‍ തൂവല്‍ നഷ്ടപ്പെട്ട കുയിലിനെ പറ്റിയായിരുന്നു അവള്‍ അച്ഛനോട് പറഞ്ഞത്,.പക്ഷെ അപ്പോഴും അച്ഛന്റെ കണ്ണില്‍ ഒരു പേപ്പട്ടിയുടെ ശൌര്യവും കൈക്ക് ചെകുത്താന്റെ കരുത്തുമായിരുന്നു.

പാറുവിന് മരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.നൂല്തുമ്പിയുടെ പുറകെ ഓടിക്കളിച്ചും വെള്ളാരംകല്ലുകള്‍ പെറുക്കികളിച്ചും കൊതി തീരാത്തത് കൊണ്ടാണ് കൊന്നുകളയുമെന്ന അച്ഛന്റെ ഭീഷണി ഭയന്ന് അമ്മയെത്തും മുമ്പേ അടിവസ്ത്രത്തിലെ രക്തക്കറ കാരമിട്ടവള്‍ പുഴുങ്ങി വെളുപ്പിച്ചത്..

തന്നോടൊന്നും മിണ്ടാതെ ഉറങ്ങാന്‍ കിടന്ന അമ്മയുടെ കൈ പാറു മെല്ലെ തന്റെ ദേഹത്തേക്ക് കയറ്റിവെച്ചു.അല്പനിമിഷത്തിനു ശേഷംവീണ്ടും എന്തോ അവള്‍ കൈ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് നീക്കിവെച്ചു.


ആള്‍മറയില്ലാത്ത കിണറ്റിലേക്ക് തൂങ്ങിനിന്ന പടരന്‍പുല്ലുകളിലെ വേരിലെ ജലതണുപ്പ് കണ്‍പോളകളില്‍ സ്പര്‍ശിച്ചു കോള്‍മയിര്‍ കൊണ്ടും...കുങ്കുമമെന്നു സങ്കല്പിച്ച് ഇലപ്പൊട്ടി നുള്ളിയെടുത്ത് നെറ്റിയിലൊട്ടിച്ചും പാറുവിന്റെ ദിനങ്ങള്‍ നീങ്ങി.


വെള്ളിലക്കാടുകളില്‍ അടക്കാകുരുവികള്‍ ചേക്കേറിയ ഒരു വൈകുന്നേരമാണ് പാറുവിന് അല്പം അസ്വസ്ഥത തോന്നിതുടങ്ങിയത്. പാറുവിനെ നോക്കി അന്നാദ്യമായി അമ്മ കരഞ്ഞു.കുഞ്ഞു ചിറകുകളില്‍ മഴവില്ല് വിരിയിച്ചു തൊടിയില്‍ നൂല്‍തുമ്പികള്‍ വിരുന്നു വന്നു കൊണ്ടേയിരുന്നു .


മര്‍ദിച്ചവശനാക്കി മുറ്റത്തെ മുരിക്ക്‌ മരത്തില്‍ കെട്ടിയിട്ട അച്ഛനെ വിലങ്ങണിയിച്ചു കൊണ്ട്പോകുമ്പോഴും പാറു നിഷ്കളങ്കമായി ചിരിക്കുകയായിരുന്നു.......

7 comments:

jayanEvoor said...

ഹൃദയം നുറുങ്ങുന്നു...
കരൾ പിളരും കാലം!

Arun Kumar Pillai said...

ഹോ..!!

Unknown said...

മനുഷ്യർക്ക് ഇതെങ്ങനെയാണു ഇത്തരത്തിൽ ക്രൂരനാവാൻ സാധിക്കുക ????

Yasmin NK said...

kalikalam.

വിനോദ് said...

വല്ലാത്ത ലോകം, അല്ലേ?

പട്ടേപ്പാടം റാംജി said...

നൂല്തുമ്പിയുടെ പുറകെ ഓടിക്കളിച്ചും വെള്ളാരംകല്ലുകള്‍ പെറുക്കികളിച്ചും കൊതി തീരാത്ത ബാല്യം...
എന്താ പറയുക...?

ajith said...

അങ്ങനെ കുറെ വാര്‍ത്തകള്‍ കേള്‍ക്കുന്നു