Wednesday, November 2, 2011

ഇടവഴിയിലേക്ക്ചാഞ്ഞ മുളംകൂട്ടങ്ങള്‍...


''ഏട്ടാ നാല് ദിവസം കൂടി അവധി  നീട്ടിക്കിട്ടുമോ?'' അവധി തീരാറായിരുന്നു.പ്രിയതമുടെ  ചോദ്യം അയാളെ ധര്‍മ്മ  സങ്കടത്തിലാക്കി.
''ശ്രമിക്കാം  '' എന്ന ഒറ്റവാക്കില്‍ ഉത്തരം കൊടുത്തയാള്‍ നാല് ദിവസത്തേക്ക് കൂടി അവധി അപേക്ഷിച്ച് മേലധികാരിക്ക്സന്ദേശമയച്ചു.

''നിനക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ മനോഹരമായ മറ്റൊരു കാഴ്ച കൂടി.വെറും മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ''അവള്‍  പതിയെ പറഞ്ഞു.


വെയില്‍ മങ്ങുംനേരം ഇടവഴിയിലേക്ക് ചാഞ്ഞ മുളംകൂട്ടങ്ങളിലെക്ക്  ചേക്കേറുന്ന  മുളംതത്തകള്‍  ,നെഞ്ഞിട്ടു നീങ്ങാന്‍ ശ്രമിക്കുന്ന എട്ടുമാസം പ്രായമുള്ള കുട്ടിയുടെ കുസൃതി ,ഇതൊക്കെയായിരുന്നു അയാളുടെ ആഹ്ലാദത്തിലേക്കായി അവള്‍ കോറിയിട്ടത്.

''ഇനി ഒരു വര്ഷം കൂടി കാത്തിരിക്കണ്ടേ  അടുത്ത അവധിക്ക്?'' അവള്‍ അയാളുടെ മുഖത്തേക്ക്  നോക്കാതെയായിരുന്നു ചോദിച്ചത്. എങ്കിലും 
അയാളുടെ നോട്ടം അവളുടെ  മുഖത്തു തന്നെയായിരുന്നു.


നേര്‍ത്ത താരാട്ടിനോപ്പം പല്ലില്ലാത്ത മോണ കാട്ടി   പുഞ്ചിരിച്ചു കുട്ടി   തൊട്ടിലില്‍ കിടന്നു   സാവധാനം ഉറങ്ങിയ തക്കം നോക്കി അവള്‍ അടുക്കളയിലേക്കു കയറി.

ഉഴുതുമറിച്ചിട്ട പാടത്തിനു മുകളില്‍ നരച്ച ആകാശം പതിയിരുന്നു.മഞ്ഞ വെയിലിനു അകമ്പടിയായി വിരുന്നു വന്ന നേര്‍ത്ത തുമ്പികളെ നോട്ടമിട്ടു വയല്ക്കിളികള്‍ വരമ്പുകളില്‍ കാവലിരുന്നു.


മഞ്ഞമന്ദാരപ്പൂക്കളില്‍ വണ്ടുകള്‍ ഉലാത്തുന്ന വൈകുന്നേരങ്ങള്‍ 
ഇനി പ്രിയതമ കോറിയിടുന്ന വരികളിലൂടെ വായിക്കാം.അയാള്‍  യാധാര്ത്യത്തിലേക്ക്   പെട്ടെന്നായിരുന്നു തെന്നി വീണത്. 

 അവധി നീട്ടിക്കിട്ടിയ സന്ദേശത്തിന്  കാത്തിരിക്കുകയായിരുന്നു  അയാള്‍.
വ്യാപാരത്തില്‍  ആഗോളമായി മാന്ദ്യം സംഭവിച്ചത് പോലെ തന്റെ കമ്പനിയിലും സംഭവിച്ചിരുന്നു എന്നത് സത്യം.

ആദ്യകാല ജീവനക്കാരനായ തന്റെയും കൂടി വിയര്‍പ്പിനാല്‍ പുഷ്ടിച്ച
സംരംഭം.പുതുതായി വരുന്ന ജീവനക്കാര്‍ക്ക് അധികൃതര്‍  ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോഴും പഴയ പ്രതിഫലത്തില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുകയായിരുന്നു അയാള്‍.


ധനുമാസക്കുളിരില്‍ തണുത്തു വിരക്കാനായിരുന്നു  സന്ധ്യ കനത്തത്.
ലോലമായ കാറ്റിന്റെ ഗതിക്കൊപ്പം മഞ്ഞു കണങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും  
ഭൂമിയെ  പുണരുമ്പോള്‍ അയാള്‍ പ്രിയതമയെയും  ഗാഡമായി പുണര്‍ന്നു.
അടുത്ത അവധി വരെയുള്ള കാത്തിരിപ്പിന്റെ ഓര്‍മ്മക്കായി അവളയാളെ  ആര്‍ത്തിയോടെ ചുംബിച്ചു.

മകന്റെ മുന്‍വരിയിലെ മോണ കീറി  പുറത്തേക്ക്  വന്ന രണ്ടു  കിന്നരിപ്പല്ലുകളുടെ  മനോഹരമായ കാഴ്ചയായിരുന്നു  അടുത്ത പുലരിയില്‍ അവള്‍ അയാള്‍ക്ക്‌ സമ്മാനിച്ചത്.

മറക്കാനാവാത്ത  അല്പം സുന്ദര നിമിഷങ്ങള്‍ക്ക്  കൂടി സാക്ഷിയായി  യാത്രയുടെ  തയ്യാറെടുപ്പിലായിരുന്ന   അയാളെ 
 ജോലിയില്‍ നിന്നും   പിരിച്ചു വിട്ട  സന്ദേശമായിരുന്നു കാത്തിരുന്നത്.


4 comments:

niranjan said...

shajoottaaa nice one ishtaayi aashamsakal

റോസാപ്പൂക്കള്‍ said...

നല്ല കഥ.
എന്നാലും അവസാനം സങ്കടമായി

syam said...

nalla katha shaju bhaayude manoharamaaya aa pathivu shaily enikkisthapettu

Anonymous said...

:)
oru smily maathram...