Saturday, January 29, 2011

തണുത്തൊരു വിരല്‍സ്പര്‍ശം....


നേരം പുലരുന്നതേയുള്ളൂ.കുന്നിറങ്ങി വന്ന മഞ്ഞിന്‍ കണങ്ങള്‍ മുറ്റത്തെ കഴുകി വൃത്തിയാക്കിയിരുന്നു.ചെറുതോടിനപ്പുറം പച്ചിലവളം ചേര്‍ത്തു നട്ടുണ്ടാക്കിയ സമൃദ്ധമായ മരച്ചീനിമരങ്ങളിലേക്ക് ഇനിയൊരു രാവ്‌ കാത്തു പാതിരാപ്പുള്ളുകള്‍ കുടിയേറി.




അലക്ഷ്യമായി വലിച്ചിട്ട കസേരയിലേക്ക് ചാഞ്ഞിരുന്നു കൈലാസന്‍ ഒരു സിഗരറ്റിനു തീകൊളുത്തി.ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ തളര്‍ത്തിയ മനസ്സും ശരീരവുമായി ഇനിയുമൊരു ദുരന്തത്തിനു സാക്ഷിയാവാന്‍ നില്‍ക്കാതെ അമ്മയും വിട പറഞ്ഞതോടെ കൈലാസന്‍ അയാളുടെ ലോകത്ത് തനിച്ചായി.



വിദൂര ലക്ഷ്യത്തിനായി യാത്രയാരംഭിച്ച ഏതോ വഴിപോക്കന്‍ പുലര്‍വെട്ടം ഇരുട്ടിനെ മറി കടക്കാന്‍ ആരംഭിച്ചപ്പോള്‍ ഉപേക്ഷിച്ച ചൂട്ടുകറ്റ തൊട്ടുവക്കില്‍ അപ്പോഴും പുകഞ്ഞു കൊണ്ടിരുന്നു അയാളുടെ മനസ്സുപോലെ.



കഥകളില്‍ മാത്രം വായിച്ചിരുന്ന പുന്നെല്ലിന്‍ മണമുള്ള കണ്ണാന്തളിപ്പൂക്കളുടെ ചിത്രം അയച്ചുതന്നത്,മൃദുലയായിരുന്നു.സംസ്കാര ചടങ്ങുകള്‍ തീരും വരെ മൃദുലയുണ്ടായിരുന്നു എല്ലാറ്റിനും മുമ്പില്‍.



സ്വതവേ വിഷാദങ്ങളായ കണ്ണുകളില്‍ എവിടെ നിന്നോ കടമെടുത്ത അല്പം പ്രകാശം പരത്തി അയാളോട് യാത്ര പറയുമ്പോള്‍ സന്ധ്യയായിരുന്നു.സ്ഥായിയായ ഒരു തരം മരവിപ്പെടുത്തു മുഖത്തണിഞ്ഞയാള്‍ തോടിനു സമാന്തരമായി വെട്ടിയുണ്ടാക്കിയ വഴിയിലൂടെ നടന്നു നീങ്ങിയ മൃദുലയുടെയും തന്റെയും ചിന്തകളും സമാന്തരങ്ങളായ ഒരേ രേഖയിലാണ് സഞ്ചരിച്ചിരുന്നതെന്നയാളോര്‍ത്തു



മുറ്റത്തെക്കെറിഞ്ഞ സിഗരറ്റു കുറ്റിയിലേക്ക് മഞ്ഞ്തുള്ളി വീണൊന്നു വിറച്ചു പിന്നെ കെട്ടുപോയി.മുറ്റത്തെ പൂത്ത ചാമ്പമരത്തില്‍ നിന്നും നൂല്പ്പൂക്കള്‍ മഞ്ഞിനൊപ്പം താഴേക്കു പൊഴിഞ്ഞു കൊണ്ടിരുന്നു.



ഭക്തിയുടെ തീര്‍ഥാടനങ്ങള്‍ നിറഞ്ഞൊരു മഞ്ഞ്കാലത്ത് ട്രെയിനില്‍ വെച്ചായിരുന്നു അയാള്‍ ആദ്യമായി മൃദുലയെ പരിചയപ്പെട്ടത്‌.തീര്‍ത്ഥാടകരുടെ ശരണം വിളികളാല്‍ കമ്പാര്ടുമെന്ടു ശബ്ദമുഖരിതമായിരുന്നു.ഒരു നീണ്ട യാത്രയുടെ രണ്ടാമത്തെ പകുതിയിലാണ് അവള്‍ അയാള്‍ക്കെതിരിലുള്ള സീറ്റിലിടം പിടിച്ചത്.



വിഷാദത്തിന്റെ ഒരു കടല്‍ തന്നെയിരമ്പിയ കണ്ണുകളായിരുന്നു അയാളെ ആകര്‍ഷിച്ചത്.ഭക്തിയിലലിഞ്ഞു മനുഷ്യത്വം വരെ മറന്നു പോയ ഭക്തരുടെ ഇടയിലേക്ക് ഉള്‍നാട്ടിലെ ഏതോ ഒറ്റപെട്ട സ്റെഷനില്‍ നിന്നും കയറിയ വൃദ്ധദമ്പതികള്‍ക്ക് ഇരിക്കാനിടം കൊടുത്തത് മൃദുലയും കൈലാസനുമായത് യാദൃശ്ചികമായിരുന്നു.



തിരക്കേറിയ ട്രെയിനിലെ ടോയിലെറ്റിനടുത്ത് നിന്നുള്ള യാത്രയില്‍ ഏതോ ജന്മാന്തരങ്ങളുടെ പ്രചോദനം പോലെ മൃദുലയുടെ തണുത്ത കൈകള്‍ മുറുകെ പിടിച്ചത്.. അല്പം പോലും പ്രതിഷേധിക്കാതെ വിഷാദം ഒരു നദിപോലെ അവളുടെ കണ്ണുകളില്‍ നിന്നും താഴെക്കൊഴുകുമെന്നു തോന്നിയതും... പിന്നീടുണ്ടായ കൂടിക്കാഴ്ച്ചകളിലൊക്കെ അവള്‍ പറയുമായിരുന്നു.



മഞ്ഞ് വീണു കുതിര്‍ന്ന പുലരിയുടെ ദശാസന്ധിയില്‍ ഞാന്‍ കണ്ട സ്വപ്നം നിന്നോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നുവെന്ന മൃദുലയുടെ സന്ദേശം മൊബയിലിലേക്ക് ഒഴുകി വന്നപ്പോഴാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.



അഗ്രഹാരങ്ങളും അവയുടെ നിഴലുകളും തഴുകി വയലും തോടും താണ്ടിയെത്തിയ കാറ്റിനു മൃദുലയുടെ കൈവെള്ളയിലെ തണുപ്പായിരുന്നു.കൈലാസന്‍ അറിയാതെ തന്റെ വലതു കൈ ഇടതു കൈപത്തിമേല്‍ കയറ്റി വെച്ചു .



മുറ്റമതിരിട്ടു തിരിച്ച കല്‍ക്കെട്ടിനു താഴെ ചാമ്പമരക്കൊമ്പു കള്ക്കിടയിലൂടെ മഞ്ഞിനെ പ്രതിരോധിച്ചു അരിച്ചെത്തിയ സൂര്യ കിരണങ്ങളില്‍, ചെറു കുഴികളില്‍ നിന്നും കുഴിയാനകള്‍ വെയില്‍ കായാന്‍ കിടന്നു.



പതുത്ത രോമം പൊതിഞ്ഞ ശരീരത്താല്‍ ഒരു മുയല്ക്കുഞ്ഞിനെപ്പോലെ ഭര്‍ത്താവ് ഉത്തമന്റെ കരവലയത്തിലൊതുങ്ങി ക്കിടന്നായിരുന്നു മൃദുല കൈലാസന് സന്ദേശമയച്ചത്.

ഉത്തമന്‍ തന്റെ ഭര്‍ത്താവാണ്..കൈലാസനോ?സ്വപ്നങ്ങളും ചിന്തകളും എല്ലാം മറ്റെന്തൊക്കെയോ സമ്മിശ്ര വികാരങ്ങള്‍ ..കൈലാസനും താനും സമാന്തരങ്ങളായ ഒരേ രേഖയില്‍ക്കൂടിയാണ് സഞ്ചരിക്കുന്നതെന്നവള്‍ അറിഞ്ഞു.

തന്റെ കരവലയത്തില്‍ നിന്നും മൃദുലയെ മോചിപ്പിക്കാതെ ഒരു വശത്തേക്ക് വീണ്ടും ചരിഞ്ഞുറങ്ങുന്ന ഉത്തമന്റെ മുഖം നവജാത ശിശുവിനെപ്പോലെ പരിശുദ്ധമായിരുന്നു.

മഞ്ഞ് പെയ്തു തോര്‍ന്നിട്ടും തൊടിയില്‍ മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു.മാവുകള്‍ പൂക്കും കാലമാണെങ്കിലും തെക്കേ തൊടിയിലെ പടര്‍ന്നു പന്തലിച്ച ചേലന്‍മാവിലെ കൊമ്പുകള്‍ പൂക്കാതെ തളിരില വിടര്‍ത്തി നിന്നത് കാലം തെറ്റിപ്പെയ്ത മഴയുടെ വിരോധാഭാസമാണെന്നു മരിക്കുന്നതിനു രണ്ടു നാള്‍ മുമ്പ് അമ്മ പറഞ്ഞത് അയാള്‍ ഓര്‍ത്തു.



തന്റെ ജീവിതവും അത്പോലൊരു വിരോധാഭാസമല്ലേ എന്നയാള്‍ വിശ്വസിച്ചു.നടന്നു കാലുറക്കും മുമ്പേ അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛന്‍ ..ഒരു ഇടിമിന്നലിന്റെ ദുരന്തത്തില്‍ വടക്കേ ചാവടിക്കൊപ്പം ചാരമായിപ്പോയ ജെഷ്ടത്തിമാര്‍..വര്‍ണ്ണ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങിയ കൌമാരത്തില്‍ അമ്പലക്കുളത്തില്‍ ജീര്‍ണ്ണിച്ചു കിടന്ന കാമുകി..



കുഴമ്പിന്റെയും വെറ്റിലമുറുക്കിന്റെയും - അമ്മയുടെ ഗന്ധം നിറഞ്ഞു അടര്ന്നി കുമ്മായം തേച്ച ചുവരിലേക്ക് ചേര്ന്നയാള്‍ വിതുമ്പി.



മഞ്ഞും മരവും പെയ്തുതീര്‍ന്ന തൊടി നിശബ്ദമായി.മഞ്ഞിറങ്ങിയ കുന്നിറങ്ങി വന്ന ചെറിയ കാറ്റ് ചേലന്‍മാവിലെ തളിരിലകളെ മാത്രം തലോടി അന്തരീക്ഷത്തില്‍ ലയിച്ചില്ലാതായി.മൃദുലയിലൂടെ ലോകത്തെ അയാളുമായി ബന്ധിപ്പിച്ചിരുന്ന ഏക ഉപാധിയായ മൊബയില്‍ ഫോണ് തോട്ടിലെക്കെറിഞ്ഞു ലക്ഷ്യമില്ലാത്തൊരു യാത്രയ്ക്കയാള്‍ പുറപ്പെടുമ്പോള്‍ മൃദുലയുടെ കണ്ണുകളിലെ വിഷാദം പോലെ സൂര്യന്‍ വെളിച്ചംകെട്ടു കാര്‍മേഘങ്ങളുടെ അഗാധത യിലെവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു.....

7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ ഒരു നാട്ടുകാഴ്ച്ച സമ്മാനിച്ചു,ഈ വായന

മനു കുന്നത്ത് said...

വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു..!!!
ഇനിയും ഒരുപാട് രചനകള്‍ ആ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ......!!
ആശംസകള്‍ എന്‍റെ പ്രിയ സുഹൃത്തിന്......!!

റശീദ് പുന്നശ്ശേരി said...

മനോഹരമായ വായനക്ക് നന്ദി നന്മണ്ടന്‍

വേണുഗോപാല്‍ said...

അസ്സലായി എഴുതി ... പക്ഷെ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ പിറകൊട്ടടിച്ചോ.... ജനുവരി മാസത്തില്‍ പോസ്റ്റ്‌ ചെയ്ത ഈ കഥക്ക് വായനക്കാരുടെ പ്രതികരണം കുറഞ്ഞതെന്തേ.... ഗ്രൂപുകളില്‍ വീണ്ടും പോസ്റ്റ്‌ ചെയ്യൂ ... ആശംസകള്‍

Arunlal Mathew || ലുട്ടുമോന്‍ said...

നല്ല വായനാനുഭവം....

ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് വായനക്ക് തടസമാകുന്നുണ്ട്....

ഡിസൈന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മറക്കരുത്... :)

ആചാര്യന്‍ said...

നന്നായിട്ടുണ്ട് മാഷേ ആശംസകള്‍..

Pradeep Kumar said...

നല്ല വായനാനുഭവമായി... ചിത്രം പുറത്തേക്കു നീളുന്നതും,ടെംബ്ലേറ്റിന്റെ പ്രശ്നങ്ങളും വായനക്കും ആസ്വാദനത്തിനും തടസ്സമാവുന്നുണ്ട്.....