Monday, November 15, 2010

നിഴലുകളുടെ പെരുങ്കളിയാട്ടം....

വാരിഭാഗത്തു രണ്ടാനച്ചന്റെ പീഡനമേറ്റ് മുറിഞ്ഞ പാടുകളിലുപരി തടയാന്‍ പോലുമാവാതെ നിസ്സഹായയായി നിന്ന അമ്മയുടെ നോവ്‌ ഒരു നീറ്റലായി കരളില്‍ പൊള്ളി ക്കിടന്നു.








വേണ്ടായിരുന്നു അച്ഛനെന്നു വിളിക്കാന്‍ അമ്മ നിര്‍ദേശിച്ച അയാളുടെ കൂടെ ഈ പട്ടണത്തിലേക്ക് ,അമ്മ വരേണ്ടിയിരുന്നില്ല.അത്ര കൊടിയ പീഡന മാണ് അയാള്‍ അമ്മയ്ക്കും തനിക്കും സമാനിച്ചത്.അതിനു വേണ്ടി മാത്രമാണ് തങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നതെന്ന് തോന്നും അയാളുടെ പെരുമാറ്റം കാണുമ്പോള്‍.







ദേഹത്തു അഴിച്ചു വിടുന്ന ക്രൂരതകള്‍ നിശബ്ദം സഹിക്കാന്‍ ശീലിച്ച അമ്മ തന്റെ നേര്‍ക്ക്‌ പൊങ്ങിയ കൈകളോട് മാത്രം പ്രതികരിക്കാന്‍ ശ്രമിച്ചു.അവസാനം തന്റെ ജീവന്‍ തന്നെ അപകടമാകുമായിരുന്ന ഒരു ഘട്ടത്തില്‍ അമ്മയുടെ പരാതി പ്രകാരം അയാളെ നിയമപാലകര്‍ വിലങ്ങണിയിച്ചു കൊണ്ട് പോകുമ്പോള്‍ ഒരു പ്രതികാരത്തിനായി അയാളിനിയും തിരിച്ചു വരുമെന്ന് ക്രൌര്യ ഭാവം പൂണ്ട അയാളുടെ മുഖത്തു നിന്നും ബാലന്‍ വായിച്ചെടുത്തു.







ഇനി രണ്ടു നാള്‍ കൂടി .അയാള്‍ ശിക്ഷ കഴിഞ്ഞു പുറത്ത്‌ വരും മുമ്പ് ഗ്രാമ്മത്തിലെ മുത്തശ്ശിയമ്മ മാത്രം ബാക്കിയായ തറവാട്ടിലേക്ക് അമ്മയെയും കൊണ്ട് രക്ഷപ്പെടണം.രാവ്‌ ഒരു കറുത്ത പാത പോലെ ദീര്‍ഘമായി വാനത്തിനു ചോട്ടില്‍ ഒരിക്കലും ഒടുങ്ങില്ലെന്ന വാശിയോടെ നീണ്ടു കിടന്നു.ഇരുട്ടിന്റെ രാപ്പാതയുടെ ഏതതിര്‍ത്തി യിലാണ് പുലരിയുടെ ആരംഭമെന്നറിയാന്‍ മിന്നാമിന്നിക്കൂട്ടങ്ങള്‍ യാത്ര തിരിച്ചു.







സന്ധികളില്‍ അയാളഴിച്ചു വിട്ട ക്രൂര മര്‍ ദ്ധനങ്ങളുടെ ബാക്കി പത്രമായ്‌ രാവിന്റെ നിശബ്ദതയില്‍ അമ്മയുടെ ഞരക്കം മാത്രം പ്രതിധ്വനിച്ചു പിന്നെ നേര്‍ത്തില്ലാതായി.ഒരിക്കലും ഒടുങ്ങില്ലെന്നു കരുതിയ രാവിന്റെ ഏതോ ദശാസന്ധിയില്‍ മയങ്ങിപ്പോയ ബാലന്‍ ഉണര്‍ന്നെണീറ്റതു അമ്മ ജീവിച്ചിരുന്നു വെന്ന യാഥാര്‍ത്ഥ്യം വെറും സങ്കല്പ്പമാക്കിയ മാതൃജഡത്തിന്റെ ദുഖ സാന്ദ്രമായ മധ്യാഹ്നത്തിലെക്കായിരുന്നു.







അമ്മ കൂടെയില്ലാതെ ഗ്രാമത്തിലേക്കുള്ള മടക്ക യാത്രയില്‍ മുത്തശ്ശിയമ്മയുടെ ദൈന്യം നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു മനസ്സില്‍ അവശേഷിച്ചത്.കരിയിലകള്‍ വീണു നിഴലുകള്‍ പെരുംകളിയാട്ടമാടുന്ന ഇടവഴിയിലെ മാളങ്ങളില്‍ മുത്തശ്ശിയമ്മ പകര്‍ന്ന അറിവ് പോലെ ചുട്ട കപ്പയുടെ മണം പ്രസരിപ്പിച്ചു സര്‍പ്പങ്ങള്‍ വായ തുറന്നു കിടന്നു.







വിജനമായ പറമ്പിലെ ഒറ്റപ്പെട്ട തറവാട് വീടിന്റെ കാലങ്ങളായി കിളക്കാത്ത വരമ്പുകളില്‍ കരടിപ്പുറ്റുകള്‍ ചെറു പാതാളങ്ങള്‍ തീത്തിരുന്നു.വരണ്ടുണങ്ങി നിന്ന ഭൂമി ഇപ്പോള്‍ പെയ്യുമെന്ന് വ്യാമോഹിപ്പിച്ചു നിന്ന മേഘ ക്കൂട്ടങ്ങളെ ദാഹാര്‍ത്തയായ് നോക്കി നിന്നു.







പ്രകൃതിയുടെ അജ്ഞാതമായ ഏതോ കരങ്ങളില്‍ നിന്നും അനുവാദം ചോദിച്ചു പുതു മഴത്തുള്ളികള്‍ ഭൂമിയിലേക്ക്‌ പെയ്തിറങ്ങും നേരം ബാലന്‍ തറവാടിന്റെ ദ്രവിച്ച കല്‍പ്പടവുകള്‍ കയറുകയായിരുന്നു.കാറ്റ് തല്ലിക്കൊഴിച്ചിട്ട ഇലകളുടെ ജഡങ്ങളിലേക്ക് മഴ നാരുകള്‍ ആര്‍ത്തു പെയ്തു.മഴവെള്ളം നഷ്ടപ്പെടുത്തിയ മണല്‍ക്കുഴി വീടുകളില്‍ കുഴിയാനകള്‍ തണുത്തു വിറച്ചു കിടന്നു.ഇനിയും പെയ്തൊഴിയാന്‍ ഭാവമില്ലെന്നറിയിച്ച് ചെറു മിന്നല്‍പ്പിണറുകള്‍ക്ക് കൂട്ടിനായി ഇടിനാദങ്ങള്‍ മഴയുടെ ആരവങ്ങള്‍ക്കും മുകളിലേക്കായി ശബ്ധമഴിച്ചു വിട്ടു .







അടഞ്ഞു കിടന്ന തറവാടിന്റെ മുന്‍ വാതിലിനു പിറകില്‍ മുത്തശ്ശിയമ്മയുടെ മറുപടിയില്ലാത്ത ബാലന്റെ വിളികള്‍ വാതിലില്‍ തട്ടി മഴയുടെ ആരവത്തിലേക്ക് ലയിച്ചില്ലാതായി.







മുന്‍ വാതിലിനിടയിലൂടെ അകത്തു നിന്നും ഞെരുങ്ങി ഇഴഞ്ഞു വന്ന സര്‍പ്പം



പെരുവിരലിലൊന്നു ചുംബിച്ച നീല നിറത്തിലേക്കു നോക്കി ബാലന്‍ പൊട്ടിപ്പൊളിഞ്ഞ കല്ത്തൂണിനു താഴെ തണുത്തുറഞ്ഞ തറയിലിരിക്കുമ്പോള്‍ മുത്തശ്ശിയമ്മയുടെ കര സ്പര്‍ശന ത്തിനൊപ്പം വാരിയെല്ലിന്റെ ഭാഗത്തെ മുറിവുകളില്‍ അമ്മയുടെ സ്വാന്തനം പോലെ പുറത്ത്‌ അപ്പോഴും മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. .....,,,.....

1 comment:

ഐക്കരപ്പടിയന്‍ said...

അനാഥത്വത്തില്‍ നിന്നും അനന്തതയിലേക്ക് നീങ്ങുന്ന ജീവിത യാത്രയില്‍ മിന്നാമിന്നി കൂട്ടങ്ങള്‍ മാത്രം കൂട്ട്.
കഥ നന്നായി..