'' എന്റെ മോള് പോയി'' ..ജലീലിന്റെ വാക്കുകള്‍ മുറിഞ്ഞിടത്തു ഒരു തേങ്ങല്‍ പതിയിരുന്നുവെന്നു അഷ്‌റഫ് അറിഞ്ഞു.കട്ടി കൂടിയ കണ്ണടക്കു പിറകില്‍ കൃഷ്ണ മണികള്‍ കലങ്ങി നിന്നു.കുറച്ചു നിമിഷം മകളുടെ വിയോഗം തീര്‍ത്ത ശൂന്യതയിലേക്കയാള്‍ പകച്ചു നോക്കി.പിന്നെ നിരയായി തങ്ങളുടെ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കൂടി കാണാന്‍ നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്കയാള്‍ പോകുന്നത് അഷ്‌റഫ് നോക്കി നിന്നു.
അയാളുടെ തന്നെ ശിഷ്യകളായ മകളുടെ സഹപാഠികള്‍. ദുഖം ഘനീഭവിച്ച ആ അന്തരീക്ഷ ത്തില്‍ നിന്നും എവിടെക്കെങ്കിലും ദൂരേക്ക് ഓടി ഒളിക്കണമെന്നു അഷ്‌റഫ് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.അകത്തു നിന്നും ഇടയ്ക്കിടെ ഉയരുന്ന സ്ത്രീയുടെ തേങ്ങലുകള്‍ അധ്യാപികയായ അയാളുടെ ഭാര്യയുടെതായിരിക്കുമെന്നു അഷ്‌റഫ് വിശ്വസിച്ചു.
ബഹറിനിലെ ഒരു സ്വകാര്യ എണ്ണകമ്പനിയുടെ ഫാക്ടറി യിലായിരുന്നു അശ്രഫിനു ജോലി.യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പ്രവാസത്തിലേക്ക് നടന്നെത്തിയ ആള്‍ .ജോലി കഴിഞ്ഞു റൂമില്‍ വിശ്രമിക്കുന്ന നേരമാണ് കമ്പനിയിലെ സെക്യുരിറ്റി നാട്ടില്‍ നിന്നും വന്ന എഴുത്തുകള്‍ റൂമിലിട്ടു പോയത്.
നാട്ടിലെ വിശേഷങ്ങള്‍ വിശദമായി അറിയുവാനായിരുന്നു ജലീലിന്റെ കത്ത് പൊട്ടിച്ചത്.''അഷ്‌റഫ് ഒരപേക്ഷയുണ്ട്.കഴിയുമെങ്കില്‍ എന്റെ മകളുടെ പേരില്‍ ഈ പുതുവത്സരത്തില്‍ ഒരു ആശംസാ കാര്‍ഡു അയക്കണം ..പ്രിയ സുഹൃത്തു ജലീല്‍''. അയാളുടെ ബാല്യ കാല സുഹൃത്തും അധ്യാപകനുമായിരുന്നു ജലീല്‍.നാട്ടിലെ പ്രാദേശിക വിവരങ്ങളും പഴയ കാല ഓര്‍മ്മകളൊക്കെയുമായി കുത്തി നിറച്ച നീണ്ട കത്തുകള്‍ എല്ലാ മാസവും കൃത്യമായി ജലീല്‍ അയാള്‍ക്ക് അയക്കാറുണ്ടായിരുന്നു.പക്ഷെ ഇന്ന് ഈ എഴുത്ത്,,വളരെ ചുരുങ്ങിയ വാക്കുകളില്‍ മകള്‍ക്ക് ഒരു ആശംസാ കാര്‍ഡിന് മാത്രം എന്തെന്നയാല്‍ അത്ഭുതപ്പെട്ടു.
അടുത്ത ദിവസം തന്നെ ലീവിന് പോവുന്ന ഒരു മലപ്പുറത്ത് കാരന്‍ സുഹൃത്ത് വശം മറക്കാതെ രണ്ടു മൂന്നു ആശംസാ കാര്‍ഡുകള്‍ ജലീലിന്റെ കെയര്‍ ഓഫില്‍ കൊടുത്തയക്കുകയും ചെയ്തതായി ചെറിയൊരു ഓര്‍മ്മയുണ്ട്.മരുഭൂമിയിലെ കൊടും ചൂടിനാല്‍ വെന്തു പോയ ഹൃദയവും അതി ശൈത്യത്താല്‍ മരവിച്ചു പോയ മനസ്സുമായി പ്രവാസത്തിലെ പ്രയാണം തുടരുമ്പോള്‍ ആശംസാ കാര്‍ഡിന്റെ കാര്യം തന്നെ അഷ്‌റഫ് മറന്നിരുന്നു.അടുത്ത ജില്ലയിലെ ഒരു സ്കൂള്‍ മാനേജരായിരുന്നു ജലീലിന്റെ ഭാര്യാ പിതാവ്.ഒരദ്ധ്യാപകന്റെ ഒഴിവു വന്നപ്പോള്‍ ജലീലും ഭാര്യയും സ്ചൂളിരുന്ന ജില്ലയിലേക്ക് ഞങ്ങളുടെ നാട്ടില്‍ നിന്നും താമസം മാറുകയായിരുന്നു.മരുഭൂമിയിലെ അത്യുഷ്ണവും കൊടും ശൈത്യവും പ്രവാസത്തോടൊപ്പം അനുസ്യൂതം തുടര്ന്നു.
വര്‍ഷങ്ങള്‍ കടന്നു പോവുന്നതനുസരിച്ചു പല രാജ്യങ്ങളിലെക്കായി അശ്രഫിന്റെ പ്രവാസവും മാറുന്നുണ്ടായിരുന്നു.ജലീലിനെ പോലുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളെല്ലാം മറവികളുടെ ഇരുണ്ട ഗുഹകളില്‍ എവിടെയോ പോയൊളിച്ചു.പകരം നിമിഷ നേരം കൊണ്ട് മറക്കാന്‍ കഴിയുന്ന നാട്യങ്ങളുടെ സൌഹൃദങ്ങള്‍ പിറന്നു കൊണ്ടിരുന്നു.
നീണ്ട കാലയളവിലെ പ്രവാസത്തിലെ താഡനങ്ങള്‍ ഏറ്റു വാങ്ങിയ വെറുങ്ങലിച്ച ഹൃദയവുമായി ഒരു മാസം അനുവദിച്ച അവധിക്കാലം ചിലവഴിക്കാന്‍ അഷ്‌റഫ് നാട്ടില്‍ പറന്നെത്തിയതായിരുന്നു.എയര്‍ പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ അയല്‍ വാസിയായ ഡ്രൈവറാണ് ജലീലിന്റെ വിവരങ്ങള്‍ ഒരു നോവായ് വീണ്ടും അയാളുടെ മനസ്സിലേക്ക് ഇട്ടു കൊടുത്തത്.
മാരകമായ ദീനം ബാധിച്ച എട്ടു വയസ്സ് പ്രായമുള്ള മകളുമായി ആശുപത്രിയും വീടുമായി കഴിയുന്ന ഒരു ചുറ്റുപാടാണ് ജലീലിന്റെ വര്‍ത്തമാന ചിത്രമായി അശ്രഫിനു ലഭിച്ചത്. നാട്ടിലെത്തിയ രണ്ടാമത്തെ വാരത്തിലെ ആദ്യ ദിനത്തില്‍ ജലീലിന്റെ മകളെ കാണാന്‍ അഷ്‌റഫ് നഗരത്തിലെ ആശുപത്രി യിലെത്തുകയായിരുന്നു.
ആശുപത്രിയുടെ വരാന്തയുടെ ഒഴിഞ്ഞ കോണില്‍ ഏകനായിരിക്കുന്ന ജലീല്‍ അയാളെ കണ്ട മാത്രയില്‍ കെട്ടിപ്പിടിച്ചല്പ നേരം വെറുതെ നിന്നപ്പോള്‍ ഏതോ ഗതകാല സ്മരണകള്‍ അയവിറക്കുകയാവാമെന്നു അയാളുടെ ഹൃദയമിടിപ്പ് അശ്രഫിനെ ഓര്‍മ്മിപ്പിച്ചു.നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സുഹൃത്തിന് ഇപ്പോള്‍ കാണുന്ന രൂപവുമായി യാതൊരു സാദൃശ്യവുമില്ലായിരുന്നു.ദിനം പ്രതി ക്ഷൌരം ചെയ്തു മിനുക്കിയിരുന്ന മുഖം കാലങ്ങളായി ക്ഷൌരം ചെയ്യാത്തതിനാല്‍ രോമ കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു.പല തവണ കട്ടി കൂട്ടിയ കണ്ണടക്കുള്ളിലെ കണ്ണുകള്‍ അയാള്‍ക്ക് കണ്ടെത്താനായില്ല.
ഒന്നില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ആശുപത്രി വാര്‍ഡിലേക്ക് അയാള്‍ അശ്രഫിനെ കൂട്ടി കൊണ്ട് പോയി.ചിറകറ്റ ശലഭം പോലെ കിടക്കുന്ന ആ കുഞ്ഞു പെണ്‍കുട്ടിയെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.വീര്യം കൂടിയ വേദന സംഹാരികളുടെ ആധിക്യത്താല്‍ സംസാര ശേഷി പോലും നഷ്ടപ്പെട്ട ആ കുരുന്നു ആംഗ്യ ഭാഷയില്‍ അവ്യക്തമായി എന്തെല്ലാമോ അയാളോട് സംസാരിക്കുന്നുണ്ടായിരുന്നു.തലയണ ക്കടുത്തു വെച്ച അയാളുടെ കൈപ്പടയില്‍ എഴുതിയ ആശംസാ കാര്‍ഡു ഈ അങ്കിളാണ് മോള്‍ക്ക് അയച്ചു തന്നതെന്ന് ജലീല്‍ അവളെ അറിയിച്ചപ്പോള്‍ ആ കുരുന്നു ചുണ്ടിലൊരു പുഞ്ചിരി വിടരുന്നത് അഷ്‌റഫ് അറിഞ്ഞു.ഗദ്ഗദം മുറിച്ച വാക്കുകളാല്‍ യാത്ര പോലും പറയാതെ അയാള്‍ ആശുപത്രിയില്‍ നിന്നും വളരെ ഇറങ്ങി നടക്കുമ്പോള്‍ അവളുടെ അതെ പ്രായമുള്ള അയാളുടെ മകളെയും ഓര്‍ക്കുകയായിരുന്നു അഷ്‌റഫ്.
തന്റെ അരികിലേക്ക് നാലുപേര്‍ താങ്ങിക്കൊണ്ടു വന്ന ശവമഞ്ചം താഴെ ഇറക്കി വെച്ചപ്പോഴാണ് അഷ്‌റഫ് ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.ഇനി അധികം വൈകില്ല ഈ ദുഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്നും മോചനം നേടാനെന്നു അയാള്‍ ആശ്വസിക്കുകയായിരുന്നു.
മരണ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന അകലത്തിലെ പള്ളിക്കാട്ടില്‍ ചെറിയൊരു ഖബറിന്റെ പണി തീര്‍ന്നിരുന്നു.ആകാശം പെട്ടെന്ന് കാര്‍ മേഘാ വൃതമാവുന്നതും പ്രകൃതി പോലും തന്റെ ഗദ്ഗദം മഴയായ് കണ്ണുനീരാക്കി ഇപ്പോള്‍ പെയ്യുമെന്നും അയാള്‍ വിശ്വസിച്ചു.ഖബരടക്കത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുന്ന പള്ളിക്കരികിലൂടെ അയാള്‍ വേഗം തന്റെ നഗരം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പുറകില്‍ കൂട്ടക്കരച്ചില്‍ ഉയരുന്നുണ്ടായിരുന്നു.
-----------------------------------------------------------------------------------------------------------
NB;ഈ കഥയില്‍ അല്പം അനുഭവത്തിന്റെ അംശമുണ്ട്.കഥാപാത്രങ്ങളുടെ പേര് സാങ്കല്പികമാണ്....
3 comments:
വായിച്ചുതീര്‍ക്കാന്‍ ബുദ്ധിമുട്ടി.
ഒരു വരികളും നല്‍കുന്ന വേദന അത്രയ്ക്കാണ്.
ഒരിറ്റു കണ്ണുനീര്‍ ഇവിടെ സമര്‍പ്പിക്കുന്നു
വായിക്കുന്നു.
നന്ദി
വായിച്ചു തുടങ്ങിയപ്പോഴേ, താങ്കൾ പറഞ്ഞ അനുഭവത്തിന്റെ അംശം അറിയാൻ കഴിഞ്ഞു…
Post a Comment