അരുണ്‍ എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്..തിരക്കൊഴിയുമ്പോള്‍ എന്നെയൊന്നു ബന്ധപ്പെടുക..ഷാര്‍ജയിലെ ഒരു കണ് സ്ട്രക്ഷന് കമ്പനിയില്‍ ഒരു പ്രോജക്ടിന്റെ മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്നു അരുണ്‍.സൈലന്റാക്കി വെച്ച മൊബൈലില്‍ നാല് മിസ്സ്ട്കോളും പിന്നെ അര്‍ച്ചനയുടെ ഒരു സന്ദേശവും.
ചൂടുകുറഞ്ഞു വന്ന ഒക്ടോബരിന്റെ അവസാന വാരമായിരുന്നു.ചൂടും തണുപ്പും ആലിംഗന ബദ്ധരായ പ്രകൃതിയിലേക്ക് സമിശ്രമായൊരു കാലാവസ്ഥ രൂപപ്പെട്ടിരുന്നു.
എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചൂടില്ലാത്തത് കൊണ്ട് രാത്രികളിലേക്ക് നിശബ്ദതയുടെ ഒരു കവാടം തന്നെ തുറന്നു കിടന്നു.രണ്ടു ദിര്‍ഹത്തിന്റെ അനുവദിച്ച പാര്‍ക്കിംഗ് സമയം തീര്‍ന്നതിനാല്‍ അരുണ്‍ കാര്‍ സ്റാര്‍ട്ടു ചെയ്തു ഓഫീസിലേക്ക് തിരിച്ചതിനാല്‍ അര്‍ച്ചനയുടെ സന്ദേശം തന്നെ മറന്നിരുന്നു.
മേലുദ്യോഗസ്ഥന് മീറ്റിങ്ങിന്റെ റിപ്പോര്‍ട്ട് നല്കി വീണ്ടും അയാള്‍ തന്റെ ദൌത്യമായ കണക്കുകളുടെ ലോകത്തേക്ക് ഊളിയിട്ടു.''ആര് യു സ്റ്റില്‍ ബിസ്സി?'' എന്ന അര്‍ച്ചനയുടെ രണ്ടാമത്തെ സന്ദേശം അയാളെ കണക്കുകളുടെ മായാലോകത്ത് നിന്നും യാഥാര്ത്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
അര്‍ച്ചനയ്ക്ക് ഡയല് ചെയ്തപ്പോള്‍ ആദ്യ റിംഗ് പൂര്‍ണ്ണതയിലെത്തും മുമ്പേ അവള് പ്രതികരിച്ചു.അഞ്ചു മണിക്ക് ഞാന്‍ ട്രേഡുസെന്ററിന്റെ മുമ്പിലുള്ള ബസ്സ് സ്റ്റോപ്പില്‍ കാത്തിരിക്കും അരുണ്‍ നീ തീര്‍ച്ചയായും വരണം .ജുമൈരയുടെ കടല്‍ത്തീരത്ത് കൂടെ അല്പ സമയം നടക്കണം പിന്നെ എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ഒരു സംഭവം എനിക്ക് നിന്നോട് അറിയിക്കാനുണ്ട്.അരുണിന്റെ മറുപടിക്ക് പോലും സാവകാശം തരാതെ ധൃതിപ്പെട്ടവള്‍ ഫോണ്‍ കട്ട് ചെയ്തു.
ഇനിയും മണി ക്കൂറുകള്‍ ബാക്കി.ഉച്ചയൂണിനു സമയമായിരുന്നു.ഓഫീസിനു താഴെ നിലയിലുള്ള മെസ്സ് ഹാളില്‍ തിരക്കു കൂടിത്തുടങ്ങി.മെസ്സിലെ കൈകഴുകുന്നിടത്തു സ്ഥാപിച്ച കണ്ണാടിയില്‍ തന്റെ മുഖം ഏതോ അപരിചിതന്റെ താണെന്നു അരുണിന് തോന്നി.ഹെയര്‍ ടൈയുടെ സഹായത്താല്‍ കൃതാവിലേക്ക് ഇറങ്ങി നിന്ന സമൃദ്ധമായ അകാല നര ഒളിപ്പിക്കാറാ ണ് പതിവ്.ഇപ്പോള്‍ ആഴ്ച കളോളമായി അതിനും താല്പര്യമിലാതായിരിക്കുന്നു.എങ്കിലും അര്‍ച്ചനയുടെ മുമ്പിലേക്ക് ഈ നരയോടു കൂടി പോവാന്‍ അയാള്‍ക്ക് ജാള്യത തോന്നാതിരുന്നില്ല.
അര്‍ച്ചന തന്റെ നാട്ടുകാരി എന്ന് പറയുന്നതിലുപരി നല്ലൊരു സ്നേഹിത എന്ന് പറയുവാനായിരുന്നു അയാള്‍ക്കേറെ ഇഷ്ടം.തുല്ല്യ ദുഖിതരും.നഷ്ട പ്രതാപത്തിന്റെ ജീര്‍ണിച്ച ഓര്‍മ്മകള്‍ തകര്‍ന്നു വീണ ഒരു നമ്പൂതിരി ഇല്ലത്തിന്റെ ദ്രവിച്ച കല്ലുകള്ക്കിടയിലെവിടെയോ പതിയിരിക്കാന്‍ തുടങ്ങുമ്പോഴാണ് അവള് പ്രവാസം വരിച്ചതാണെന്നാണോര്‍മ്മ
അഞ്ചാറു വയറുകളുടെ വിശപ്പിന്റെ പിന്‍വിളി കരിങ്കല്‍ പടുത്തുയര്‍ത്തുന്ന വേലയ്ക്കു അച്ഛന് ലഭിക്കുന്ന കൂലി കൊണ്ട് പുലര്‍ത്താനാവാത്ത സങ്കടങ്ങളിലേക്ക് താനും ഒരു
നിയോഗം പോലെ പ്രവാസിയാവുകയായിരുന്നു.
ജോലി കഴിഞ്ഞു ഒടുങ്ങാത്ത ട്രാഫിക് കുരുക്കുകളിലേക്ക് കാറോടിക്കുമ്പോള്‍ തന്റെ ജീവിതവും അഴിയാത്ത കുരുക്കുകളില്‍ അമര്‍ന്നൊടുങ്ങുന്നത് വേദനയോടെ അയാള്‍ ഓര്‍ത്തു .
തന്റെ ജീവിതം ഹോമിച്ചതിന്റെ ഫലമായി കുരുത്തത് മൂന്നു സഹോദരിമാരുടെയും രണ്ടനിയന്മാരുടെയും ജീവിതമായിരുന്നു.അത് മാത്രമായിരുന്നു അയാളുടെ സമ്പാദ്യവും .മാന്യന്മാരായ ഭര്ത്താ ക്കന്മാരുടെ പൊങ്ങച്ചവും താന്‍ കൊടുത്ത വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തില്‍ വരിച്ച വിജയത്തിലും മതി മറന്നാടിയ അനിയന്മാരും വിസ്മൃതിയിലേക്ക് തന്നെ ആട്ടി പ്പായിച്ചതും ഒരു വീണ്ടു വിചാരത്തിനയാള്‍ക്ക് അവസരം കൊടുത്തു.
തടിച്ചല്‍പ്പം മലര്‍ന്ന ചുണ്ടുകളിലും കണ്‍പീലികള്‍ക്ക് മുകളിലും നേരിയ വയലറ്റ് നിറമുള്ള ചായം തേച്ചു കഴുത്തറ്റം മുറിച്ചിട്ട ഷാമ്പൂ തേച്ചു മിനുക്കിയ മുടിയുമായി ഒരു വിദേശി വനിതയുടെ ചടുലതകളോടെ അര്‍ച്ചനയെന്ന പാലക്കാടന്‍ നമ്പൂതിരിപെണ്ണു കാറിലേക്ക് കയറുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ക്ക് കോണില്‍ ഒരു ചെറുചിരി പിറന്നു നിന്നു.
ജുമൈറയിലെ കടല്‍ത്തീരത്ത് സന്ദര്‍ശകര്‍ കുറവായിരുന്നു.തിരകളില്ലാത്ത കടലില്‍ ഓളങ്ങള്‍ മാത്രം നിശബ്ദതയെ ഭഞ്ജിച്ചു .ആഴം കുറഞ്ഞ കടല്‍ത്തീരത്തെ വെള്ളത്തിലേക്ക് വര്‍ണ്ണ പ്പന്തെറിഞ്ഞു കളിച്ച ചെറിയ കുട്ടിയെ കാണാന്‍ നല്ല ചന്തമായിരുന്നു.
''നമുക്കല്പ്പം നടക്കാം ''.അര്‍ച്ചന പറഞ്ഞു,അരുണിനോട് എങ്ങിനെ പറഞ്ഞു തുടങ്ങണമെന്ന് അര്‍ച്ചനയ്ക്ക് നിശ്ചയമില്ലായിരുന്നു.കമ്പനിയുടെ ഉല്പന്നത്തിന്റെ ഓണ്‍ലൈന്‍ വ്യാപാരത്തിനിടെ വില പേശലുകള്‍ക്കിടയില്‍ തര്‍ക്കത്തിലെര്‍പ്പെട്ട ഒരു ആഫ്രിക്കന്‍ യുവാവ് ..രണ്ടു മൂന്നു തവണത്തെ വ്യാപാര ബന്ധത്തിലെ ഉടക്കലിനൊടുവില്‍ അയാളെ അര്‍ച്ചന പ്രണയിക്കാന്‍ തുടങ്ങിയിരുന്നു.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്റെ ജാതിയോ ,മതമോ ,ജാതകമോ ചോദിക്കാന്‍ മനുഷ്യജീവിതം അവശേഷിക്കാത്ത ഇല്ലത്തേക്ക് ആഫ്രിക്കക്കാരനായ ആ യുവാവിനെയും കൂട്ടി ഒരു യാത്ര..തന്റെ ജീവിതത്തോടു താന്‍ തന്നെ ചെയ്യുന്ന നിശബ്ധമായ ഒരു പ്രതികാരം.
കടല്‍ത്തീരവും റോഡും അതിര്‍ത്തിയിട്ട മതിലിനു താഴെ ഇരിക്കുകയായിരുന്നു അവര്‍.അരുണിന്റെ മുഖത്തേക്ക് നോക്കാന്‍ അവള് അശക്തയായിരുന്നു.
അരുണിന്റെ പ്രതികരണ മറിയുവാന്‍ കടല്‍പ്പൂഴിയില്‍ അവള് നഖ ചിത്രങ്ങള്‍ വരച്ചിരുന്നു.ദൂരെ കിലോ മീറ്ററോളം കടലിലേക്ക് പാത വെട്ടി ഉണ്ടാക്കിയ ചാരുതയാര്‍ന്ന കെട്ടിടത്തിനു മുകളില്‍ ആകാശത്തു അച്ഛന് കെട്ടി പ്പടുത്ത കരിങ്കല്‍ പടവുകള്‍ പോലെ മേഘങ്ങള്‍ ചിത്രം വരച്ചു.
നേരത്തെ അവ്യക്തമായി ഒരു പൊട്ടു പോലെ കാണപ്പെട്ട മത്സ്യ ബന്ധനത്തിലെര്‍പ്പെട്ട ബോട്ട് ദൃശ്യതയിലേക്ക് തുഴഞ്ഞെത്തി .അരുണ്‍ അര്‍ച്ചന യോട് പറയാന്‍ മറന്ന പ്രണയത്തിന്റെ നൊമ്പരങ്ങള്‍ അയാളുടെ തൊണ്ടയില്‍ കുരുങ്ങി നിന്നു.......
7 comments:
നല്ല കഥ. ഭംഗിയായി പറഞ്ഞു.
ആശംസകള്‍
പറയാൻ മറന്ന കഥകൾ ഭംഗിയായി അവതരിപ്പിച്ചു
നല്ല കഥ,നന്നായി അവതരിപ്പിച്ചു...
പറയാന്‍ മറന്ന കാര്യങ്ങള്‍ കഥയായി വന്നപ്പോള്‍ നല്ല ആത്മ സംതൃപ്തി .
നല്ല കഥ
വീണ്ടും ഒരു അനുഭവത്തിന്റെ അംശം അനുഭവപ്പെട്ടു, ലേഖകന്റെ അല്ല… വായനക്കാരന്റെ…
പറയാൻ മറന്ന പ്രണയനൊമ്പരങ്ങൾ ആയിരുന്നില്ലേ ജീവിതത്തോടു തന്നെ ചെയ്യുന്ന നിശബ്ധമായ ഒരു പ്രതികാരം...........
Post a Comment