Saturday, July 3, 2010

തകര്‍ന്നടിഞ്ഞ കടല്പ്പാലങ്ങള്‍...combined work,Mixing of imaginations from two different brains...

ജോലിയുടെ ഭാഗമായി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഞാന്‍ ഒമാനിലെത്തിയത്. തനിയാവര്‍ത്തനങ്ങളായ മീടിങ്ങുകള്‍ക്കൊടുവില്‍ അല്‍പനേരം വിശ്രമിക്കാന്‍ മുറിയിലേക്ക് വന്ന നേരമാണ് അലീനയുടെ ആ സന്ദേശം എനിക്ക് ലഭിക്കുന്നത്.


''നജീബ്, അടുത്ത ഡിസംബറില്‍ ഞാനെന്റെ പ്രിയപ്പെട്ട നഗരം ഒന്ന് കൂടി കാണാന്‍ വരുന്നു, ഒന്നിനുമല്ല വെറുതെ ആ കടല്‍ പ്പാലത്തിലൂടെ ഒന്ന് നടക്കണം. പിന്നെ കടല്‍ക്കരയില്‍ അല്‍പ സമയം സ്വയം മറന്നിരിക്കണം. അത്ര മാത്രം..കഴിയുമെങ്കില്‍ ഡിസംബര്‍ അവസാന വാരത്തിലേക്ക് രണ്ടു ദിവസത്തെ അവധിക്കു ശ്രമിക്കുക.. അലീന''

"ഈ രാത്രിവണ്ടിയില്‍ മയില്‍പീലികള്‍ ചിതറിച്ചു ഞാന്‍ നിന്നില്‍ നിന്ന് മടങ്ങി പോകുന്നു" എന്ന് നോട്ട് ബുക്കില്‍ എഴുതി, തന്റെ ഉമ്മയോടും ബാപ്പയോടും യാത്ര പറഞ്ഞു, തിരിഞ്ഞു നോക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ ഒരു സ്നേഹിതയെ ഞാന്‍ ഓര്‍മിച്ചു. അത് അലീന ആയിരുന്നു. അക്കാലത്തു അവള്‍ തങ്ങളുടെ അയല്‍ക്കാരിയായിരുന്നു. കോഴിക്കോട് നിന്ന് അവളും പപ്പയും ഡല്‍ഹിയിലേക്കു പോയി. അവള്‍ ഞങ്ങള്‍ക്ക് അയച്ച നിറയെ ചിത്രങ്ങള്‍ ഉള്ള കത്തുകള്‍ കണ്ടു ഉമ്മ മാത്രം ഇടയ്ക്കിടെ അവളെയോര്‍ത്തു കരഞ്ഞു. ഒരു കത്തില്‍ പപ്പാ മരിച്ചെന്നും സ്പെയിനിലേക്ക് പോകും മുന്‍പ വിവാഹിതയാവുകയാണ്‌ എന്നും അവള്‍ എഴുതി. അതായിരുന്നു അവസാനത്തെ കത്ത്.

കടലോരത്ത് ലൈറ്റ് ഹൌസിനു താഴെ, നിര്‍ത്താതെ വീശിക്കൊണ്ടിരുന്ന, കടല്‍ക്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കട്ടിയോടു കൂടിയ മരത്തടികളാല്‍ പണിത വീട്ടില്‍ ആയിരുന്നു അലീനയുടെ കുടുംബം താമസിച്ചിരുന്നത് എന്നാണോര്‍മ്മ. അരികെയായി കടല്‍പ്പാലം ദൃശ്യമാവും വിധം മട്ടുപ്പാവ് പണിത ഞങ്ങളുടെ വീടും.

കടലിലെ വേലിയിറക്കങ്ങളില്‍ കടലാമകള്‍ കൂട്ടമായി വന്നു കരയില്‍ മുട്ടകള്‍ നിക്ഷേപിച്ചു തിരിച്ചു പോവുന്നതും വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങള്‍ നീന്തല്‍ പഠിക്കാനിറങ്ങുന്നതും ഞങ്ങളുടെ മട്ടുപ്പാവിലിരുന്നു കൌതുകത്തോടെ വീക്ഷിക്കുന്നത് നേരിയൊരു ചിത്രം പോലെ മനസ്സിലിന്നുമുണ്ട്‌.

അടുത്ത മീറ്റിങ്ങിനുള്ള സമയം ആഗതമായപ്പോള്‍ സ്വദേശിയായ ഒരുദ്യോഗസ്ഥന്‍ എന്നെ കൂട്ടി കൊണ്ടുപോയി. പരിഷ്കാരങ്ങള്‍ ഏറെ കടന്നു ചെല്ലാത്ത ഒമാനിലെ ചെറിയൊരു മുനിസിപ്പാലിറ്റി ആയിരുന്നത്. കുന്നുകള്‍ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ സ്വദേശി ലാന്ഡ് ക്രൂയ്സര്‍ അനായാസേന ഓടിച്ചു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കുന്നിനു മുകളില്‍ കാറ്റിന്റെ പ്രവര്‍ത്തനത്താല്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രം സ്ഥാപിക്കുക ,അതാണ് ഞങ്ങളുടെ കമ്പനി ഏറ്റെടുത്ത ദൌത്യം. സ്വദേശിയായ ഡ്രൈവര്‍ ഇല്ലാത്ത വഴികളിലൂടെ വിദഗ്ദ്ധമായി വണ്ടിയോടിച്ചു. പുറകില്‍ എനിക്കരികിലിരുന്ന ഉദ്ധ്യോഗസ്ഥര്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

***

ലൈറ്റ് ഹൌസിനു പുറകിലെ നിരത്തിലൂടെ ദൂരേക്ക് നടന്നു നീങ്ങിയ അലീനയുടെ കുടുംബം കണ്ണില്‍ നിന്നും മറയും വരെ മട്ടുപ്പാവിലിരുന്നു ഞാന്‍ നോക്കി. കടല്‍പ്പാലം പൊളിഞ്ഞു തുടങ്ങിയിരുന്നു. സന്ദര്ശകരെ പാലത്തിലേക്ക് കടത്തി വിടാതെ അനുവദിക്കാതെ നഗര കാവല്‍ക്കാരന്‍ കാവല്‍ നിന്നു. അലീന കൂടെയില്ലാതെ കടല്‍പ്പാലത്തിലേക്ക് നോക്കാന്‍ ഞാന്‍ അശക്തനായിരുന്നു. കൈകള്‍ വീശി റേഡിയോനിലയത്തിന്റെ വളവിലേക്ക് തിരിഞ്ഞവസാനിച്ച രണ്ടു കൈകള്‍ കുറെ വര്‍ഷങ്ങളായി മനസ്സിനെ അലട്ടിയിരുന്നു.

***

വഴി തീര്‍ന്നെന്നോര്‍മ്മിപ്പിച്ചു വലിയൊരു പാറക്കൂട്ടം വാഹനത്തിന്റെ മുന്നില്‍ ദൃശ്യമായിടത്തു നിന്ന് ഞങ്ങള്‍ കാല്‍നടയായി കുന്നു കയറിത്തുടങ്ങി. നീണ്ട പതിനെട്ടു വര്‍ഷത്തെ പ്രവാസം സമ്മാനിച്ച കിതപ്പ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. കുന്നിന്‍ മുകള്‍ഭാഗം വിശാലമായിരുന്നു. ആകാശംതൊടാവുന്നത്ര അകലത്തില്‍ തൂങ്ങിക്കിടന്നു. നാസ പുതുതായി കണ്ടുപിടിച്ച ഹൈഡ്രജന്‍ ശ്വസിക്കുന്ന ഉപഗ്രഹജീവികളെ എനിക്ക് നേരിട്ടു കാണാമെന്നു വെറുതെ ഞാന്‍ മോഹിച്ചു. താഴെ തകര്‍ന്നകടല്‍പ്പാലങ്ങള്‍ പോലെ ചെറുകുന്നുകള്‍ ചിതറിക്കിടന്നു.

***

തോരാതെ പെയ്തപേമാരിയിലെ പ്രളയത്താല്‍ ലൈറ്റ് ഹൌസിനെ കടലെടുത്ത ദിനങ്ങളില്‍ ഒന്നായിരുന്നു പ്രിയപ്പെട്ട കോഴിക്കോട് നഗരമുപെക്ഷിച്ചു ഞാനും പ്രവാസം വരിച്ചത്‌. പൊളിഞ്ഞു തുടങ്ങിയ കടല്‍പ്പാലത്തിനൊപ്പം ഉമ്മയും ബാല്യത്തില്‍ കൈവീശിക്കടന്നു പോയ അലീനയും മറവിയുടെ ഏതോ ഗഹ്വരങ്ങളില്‍ മതിമറന്നുറങ്ങി. കടലാമകള്‍ മുട്ടയിടാന്‍ തീരങ്ങള്‍ തേടിയലഞ്ഞു, സ്വതന്ത്രമായി മുട്ടയിട്ടു തിരിച്ചു പോയിരുന്ന അവറ്റകള്‍ ബാക്കിയായ തീരങ്ങളില്‍ പതുങ്ങി നിന്നു. ഇളം ചൂടാര്‍ന്ന കടലാമകളുടെ മുട്ടകള്‍ മുക്കുവക്കുട്ടികള്‍ എറിഞ്ഞുടച്ചു.

***

ആത്മ വിശ്വാസത്തോടെ ഞാന്‍ ഉദ്യോഗസ്ഥരുടെ കൂടെ കുന്നിറങ്ങി. നിന്റെ കഥകള്‍ പൂര്‍ണ്ണത കൈവരിക്കുന്നില്ല എന്ന വായനക്കാരുടെ വിമര്‍ശനങ്ങള്‍ അവഗണിച്ചു ഞാന്‍ എന്റെ കഥകളില്‍, കവിതകളില്‍, തകര്‍ന്നടിഞ്ഞ കടല്‍പ്പാലത്തിനൊപ്പം ഉമ്മയേയും അലീനയെയും തിരയുകയായിരുന്നു. ഉച്ചയൂണിനു ശേഷം പതിവ് ആവര്‍ത്തനങ്ങളായ ഓഫീസ് ജോലികള്‍ അവസാനിച്ചു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സൌഹൃദക്കൂട്ടായ്മകളിലേക്ക് ഊളിയിടാറാണ് പതിവ്. അന്നും പതിവ് വിരസതയകറ്റാന്‍ കൂട്ടമെന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുന്പേജിലായി ബ്ലോഗുകളുടെ ഇടയില്‍ നിന്നും ഒരു കഥയിലൂടെ അലീനയെ ഞാന്‍ വീണ്ടെടുക്കുകയായിരുന്നു.


വിലാപങ്ങളുടെ നിഴല്‍ചിത്രങ്ങള്‍പൂര്‍ണ്ണമാകുന്നത്

(അലീന എഫ്രയിം)

------ നീറുന്ന മുറിവുകളില് ‍കടല്‍കാറ്റ് പെയ്തു കൊണ്ടിരുന്നു. മുറിക്കപ്പെട്ട ചുണ്ടുകളും, ഉറക്കറയുടെ വിജനതയും,

അയാള് ‍ഇറങ്ങി പോകും മുന്‍പേ
തകര്‍ത്തെറിഞ്ഞ ഗ്ലാസ്സുകളും മരുപ്പച്ചകള്‍

ഇല്ലാത്ത മണല്‍കാടുകളെ ഓര്‍മിപ്പിക്കുന്നു.

അവള്‍ ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണടക്കുമ്പോള് ‍അതിദൂരെ മിന്നാമിനുങ്ങുകള് ‍പറന്നിറങ്ങുന്ന ഒരു പുരാതനനഗരം. കടല്‍പാലത്തിലൂടെ പപയുടെ ഒപ്പം

ഓടി പോകുന്ന ഒരു പെണ്‍കുട്ടി.

ഉയര്‍ന്ന വിളക്ക് ഗോപുരങ്ങള്‍ മീന്‍വള്ളങ്ങളെ

തീരത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്ന രാത്രികള്‍.

തിരിച്ചു പോകണം എന്ന് അവള്‍ക്കു തോന്നി.

വിവാഹിതയായ ഒരു യുവതി ഇരുപതു

വര്ഷം മുന്‍പ് താന്‍ ജീവിച്ചിരുന്ന ഒരു നഗരത്തിലേക്ക്

ഏകയായി തിരിച്ചു ചെല്ലുക,

ഭര്‍ത്താവില്‍നിന്ന് ഓടി ഒളിക്കുകയാണ്.

അവിടെ അവളെ അറിയുന്ന ആരും ഉണ്ടാവുകയില്ല.

ബീച് റോഡിലെ ശതാവരി പടരന്നു കിടക്കുന്ന

ആ പഴയ വീട്ടില്‍നിന്ന് എല്ലാവരും മടങ്ങി പോയിരിക്കുന്നു.
എന്നിട്ടും അവള്‍ മടങ്ങി പോകാന് ‍ആഗ്രഹിച്ചു.

അവിടെ ആരും തന്നെ ആക്രമിക്കുകയില്ലന്നു അവള് ‍വിശ്വസിച്ചു.----------

***

നഷ്ടപ്പെട്ട നജീബെന്ന ബാല്യകാല സുഹൃത്ത്‌ ഞാനാണെന്ന അറിവ് അലീനയെ ഏതോ ആഹ്ലാദത്തിന്റെ തുരുത്തുകളിലേക്ക് ആനയിച്ചു. പിന്നെ സന്ദേശങ്ങളുടെ എഴുത്തുകളുടെ പ്രവാഹമായിരുന്നു.

''വൃദ്ധയായി, ഒരിക്കല് ‍ഞാന് ‍കോഴിക്കോട് വരുമായിരിക്കാം...

ഞാന്‍ഓടി നടന്ന വഴികളിലൂടെ ഏകയായി, കാഴ്ച മങ്ങി...

എന്താണ് എനിക്ക് അവിടെ നഷ്ടപ്പെട്ടത് എന്ന് അറിയില്ല.

എന്തിനാണ് ഞാന്‍വരുന്നതെന്നും.

എനിക്ക് ഭ്രാന്ത് ആണ് എന്ന് എല്ലാവരും പറയും.''

ഒരിക്കലും തകര്‍ന്നടിഞ്ഞു പോയ കടല്‍പ്പാലത്തെക്കുറിച്ചോ ഉമ്മയെക്കുറിച്ചോ ഞാനവളോട് സംവദിച്ചില്ല. ഡിസംബറുകളുടെ തണുത്ത സംവത്സരങ്ങള്‍ ഏറെ കടന്നു പോയിരുന്നു.

"തണുപ്പ് ചിതല്‍പുറ്റുകള്‍പോലെ നഗരത്തിലേക്ക് കടന്നു വന്നു. അറബിക്കടലിന്റെ തീരങ്ങളിലൂടെ മഴക്കാറുകള്‍ഇരമ്പി വരികയും. അതിര്‍ത്തികള്‍ഭേദിച്ച് കടല്‍ബീച് റോഡിലേക്ക് ചിതറി വീണു. ആ രാത്രി നഗരം കടല്‍തിരകളില്‍ആണ്ടു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. കോഴിക്കോട് റെയില്‍വേ സ്റേഷന്‍തണുപ്പില്‍ ഉറങ്ങുന്ന വൃദ്ധയെപ്പോലെ ഇടയ്ക്കിടെ ഉണരുകയും പിന്നെയും ശബ്ദമില്ലാതെ നിശ്ചലമാവുകയും ചെയ്തു കൊണ്ടിരുന്നു. മദ്രാസില്‍നിന്ന് വരുന്ന ആ രാത്രിവണ്ടിയില് ‍അലീന വരുമെന്ന് അറിയിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍തീരങ്ങളിലൂടെ രാത്രികാലങ്ങളില് ‍മാത്രം കടന്നു പോകുന്ന വെസ്റ്റ് കോസ്റ്റ് എന്ന ആ തീവണ്ടി അവള്‍ തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ആരും ഇറങ്ങുകയും കയറുകയും ചെയ്യാനില്ലാതെ ആ രാത്രിവണ്ടി കടന്നു വന്നു.."

ഞാന്‍മരിച്ചു പോകുമോ ? അറിയില്ല... ഒരു ജന്മം മുഴുവന്‍നിന്നെ കാത്തിരുന്ന്, അങ്ങനെ സംഭവിച്ചാല്‍എന്റെ ആത്മാവ് വേദനിക്കില്ലേ?

വണ്ടി പോയ്കഴിഞ്ഞിരുന്നു,,വീണ്ടും ഒരു ഡിസംബര്‍കൂടി കടന്നു പോയി..റെയില്‍വേ സ്ടഷനിലെ തണുത്തുറഞ്ഞ സിമന്റു ബഞ്ചില്‍ഞാന്‍കൂനിക്കൂടിയിരുന്നു..

**********************************************************************************

NB;തകര്‍ന്നടിഞ്ഞ കടല്പ്പാലങ്ങള്‍എന്ന ഈ കഥ രചിച്ചത് ഷാജഹാന്‍എന്ന നന്മണ്ടനും അലീന എഫ്രയിം എന്നാ യുവ കഥാകാരിയും കൂടിയാണ്.ചുവന്ന മഷി കൊണ്ടെഴുതിയ വരികള്‍അലീനയുടെതാണ്.ഈ രചനയ്ക്കായി കോഴിക്കോട്ടെ പഴയ കടല്പ്പാലത്തിന്റെ ചിത്രങ്ങള്‍അയച്ചു തന്ന സുഹൃത്ത് അജീബ് കൊമാച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ....

3 comments:

Naushu said...

കൊള്ളാം... നന്നായിട്ടുണ്ട്..

Unknown said...

ithil chuvaana mashi illa mashe?

kollaam

Absar Mohamed said...

നന്നായിട്ടുണ്ട്...
ആശംസകള്‍...